03:58am 13 November 2026
NEWS
കാറിൽ കടത്തിയ 21 കിലോ കഞ്ചാവുമായി യുവതിയും ഭർത്താവും അമ്മയും പിടിയിൽ
25/02/2026  06:53 AM IST
nila
കാറിൽ കടത്തിയ 21 കിലോ കഞ്ചാവുമായി യുവതിയും ഭർത്താവും അമ്മയും പിടിയിൽ

തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി യുവതിയും ഭർത്താവും യുവതിയുടെ അറുപതുവയസുള്ള അമ്മയും അറസ്റ്റിൽ. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ താമസിക്കുന്ന അനന്തൻ എന്ന കാർലോസ് (38), ഭാര്യ ബിന്ദു (33), ഇവരുടെ അമ്മ ദമയന്തി (60) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

ചൊവ്വാഴ്ച രാത്രി 9.30 ഓടെ വെങ്ങാനൂരിലെ ഒരു ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ഡാൻസാഫ് സംഘം ഇവരുടെ വാഹനം തടഞ്ഞ് പരിശോധിച്ചത്. ഇവരോടൊപ്പം മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ കുടുംബസഹിതം ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിവരികയാണെന്ന വ്യാജേനയാണ് ഇവർ യാത്ര ചെയ്തിരുന്നത്. പള്ളിച്ചൽ–വെങ്ങാനൂർ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ശ്രമം.

കാറിന്റെ ഡിക്കിക്കുള്ളിൽ സൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പാക്കറ്റുകൾ. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. പ്രതിയായ ബിന്ദുവിനെ നേരത്തേ വെട്ടുകാട് ബാലൻ നഗറിൽ നിന്ന് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയ നാല് കിലോ കഞ്ചാവുമായി സിറ്റി ഡാൻസാഫ് പിടികൂടി വലിയതുറ പോലീസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇവർ പിടിയിലായത്. അറസ്റ്റിലായവരെയും പിടിച്ചെടുത്ത കഞ്ചാവും തുടർനടപടികൾക്കായി വിഴിഞ്ഞം പോലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img